2011, ഡിസംബർ 30, വെള്ളിയാഴ്‌ച

ചത്തമീനിന്റേതുപോലുള്ള
ഒരു നിര്‍വ്വികാരത


ഏതോ ഒരു യാത്രയിലാണ്‌
ചുവന്നു തുടുത്ത കവിളുകളുള്ള
അയാളെ പരിചയപ്പെട്ടതെന്നോര്‍ക്കുന്നു!
തികച്ചും യാദ്യശ്ചികമായി
ഇതാ,ഈ ട്രെയിന്‍ യാത്രയില്‍
അയാള്‍ മുഖാമുഖം ഇരിക്കുന്നു.
മുഖവുരയൊന്നുമില്ലാതെ,
ഇന്നലെ കണ്ടു പിരിഞ്ഞതേയുള്ളു എന്ന മട്ടില്‍
അയാള്‍ പറഞ്ഞുതുടങ്ങിയത്‌
മലകയറ്റത്തെക്കുറിച്ചാണ്‌.
മലകയറ്റം അയാള്‍ക്കൊരു ഹോബിയാണെന്ന്‌
അന്നയാള്‍ പറഞ്ഞത്‌ തികട്ടിവന്നു.
കുത്തനെയുള്ള മലയിലേയ്ക്ക്‌
അള്ളിപ്പിടിച്ചു കയറുന്നവന്റെ സാഹസികത

സംസാരത്തിനിടയിലെ
അയാളുടെ ചേഷ്ടകളില്‍ മുഴയ്ക്കുന്നു.
ഇയാള്‍ നല്ലൊരു കാഥികന്‍ കൂടിയാണെന്ന്
ഉള്ളില്‍ ഞാന്‍ ചിരിച്ചു.
അപ്പോഴും
ചത്തമീനിന്റേതുപോലുള്ള

 ഒരു നിര്‍വ്വികാര്‍തയായിരിക്കണം
എന്റെ മുഖത്ത്‌ നിഴലിച്ചത്‌!
(ഞാനെന്നും
അവളുടെ മിഴികളില്‍ കാണുന്നതല്ലേ,
എന്റെ ഈ മുഖം!)
അതു കണ്ടിട്ടായിരിക്കാം
അയാള്‍ പെട്ടെന്ന് നിശബ്ദനായത്‌.
അകന്നുപോകുന്ന കാഴ്ചകളിലേയ്ക്ക്‌
അയാള്‍ പിറുപിറുക്കുന്നത്‌ കേള്‍ക്കാമായിരുന്നു,
ചിലര്‍ ഇങ്ങനെയാണ്‌
ഒന്നിലും താല്‍പ്പര്യമുണ്ടായിരിക്കില്ല!
കാഴ്ചകളെമൂടി ഞാന്‍ തേങ്ങി.
ശരിയാണ്‌ സുഹൃത്തേ,
ജീവിതമാകുന്ന മലകയറ്റത്തില്‍
ഉള്ളം നുറുങ്ങി നില്‍ക്കുന്നവന്‌
ഒന്നിലും താല്‍പ്പര്യമുണ്ടായിരിക്കില്ല.
വലിഞ്ഞുകയറുന്ന വടം
എപ്പോള്‍ പൊട്ടുമെന്ന ഭീതിമാത്രമെ,
അവന്റെ കണ്ണിലുണ്ടായിരിക്കൂ.

അതെ,ചത്തമീനിന്റേതുപോലുള്ള
ഒരു നിര്‍വ്വികാരത!


Posted by എരമല്ലൂര്‍ സനില്‍കുമാര്‍

9 അഭിപ്രായങ്ങൾ:

 1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 2. ശരിയാണ്‌ സുഹൃത്തേ,
  ജീവിതമാകുന്ന മലകയറ്റത്തില്‍
  ഉള്ളം നുറുങ്ങി നില്‍ക്കുന്നവന്‌
  ഒന്നിലും താല്‍പ്പര്യമുണ്ടായിരിക്കില്ല.
  വലിഞ്ഞുകയറുന്ന വടം
  എപ്പോള്‍ പൊട്ടുമെന്ന ഭീതിമാത്രമെ,
  അവന്റെ കണ്ണിലുണ്ടായിരിക്കൂ.

  അതെ,ചത്തമീനിന്റേതുപോലുള്ള
  ഒരു നിര്‍വ്വികാരത!

  -----
  നന്നായിരുന്നു…സത്യമാണ് താങ്കൾ പറഞ്ഞത്…
  പക്ഷെ എന്ന് ജീവൻ തുടിക്കുന്ന മത്സ്യമായി മാറുമോ അന്നേ ആളുകൾ ശ്രദ്ധിക്കപ്പെടുകയുള്ളൂ എന്നയാൾ സങ്കടങ്ങളാൽ, ഭീതിയാൽ മറക്കും..
  ഭാവുകങ്ങൾ നേരുന്നു

  മറുപടിഇല്ലാതാക്കൂ
 3. ഈ പുതുവര്‍ഷത്തില്‍ ചത്തമീനിന്റേതുപോലുള്ള നിര്‍വ്വികാരത വെടിഞ്ഞ് ജീവന്‍ തുടിക്കുന്ന മത്സ്യമായ്‌ മാറാന്‍ എല്ലാ ആശംസകള്‍ നേരുന്നു....
  "happy new year".......

  മറുപടിഇല്ലാതാക്കൂ
 4. ജീവിതമാകുന്ന മലകയറ്റത്തില്‍
  ഉള്ളം നുറുങ്ങി നില്‍ക്കുന്നവന്‌
  ഒന്നിലും താല്‍പ്പര്യമുണ്ടായിരിക്കില്ല.....

  നല്ല വരികള്‍...

  സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍....

  മറുപടിഇല്ലാതാക്കൂ
 5. നല്ല ആശയവും ഭാവസാന്ദ്രവുമായ ഒരു നല്ല കവിത വായിച്ചു. ‘ഇന്നലെ കണ്ടു പിരിഞ്ഞതേയുള്ളൂ....’ മുതൽ ‘എന്റെ മുഖത്ത് നിഴലിച്ചത്’ വരെ, ചിത്രം പോലെയുള്ള രംഗം. പൊതുവേ ഒരു നല്ല ചെറുകഥ വായിച്ച പ്രതീതി. അഭിനന്ദനങ്ങൾ.....

  മറുപടിഇല്ലാതാക്കൂ
 6. നന്നായിരിക്കുന്നു.നല്ല വരികള്‍.,.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  മറുപടിഇല്ലാതാക്കൂ
 7. വലിഞ്ഞുകയറുന്ന വടം
  എപ്പോള്‍ പൊട്ടുമെന്ന ഭീതിമാത്രമെ,
  അവന്റെ കണ്ണിലുണ്ടായിരിക്കൂ.,,നന്നായിരിക്കുന്നു സുഹൃത്തേ,ഈ വഴി ആദ്യമായാണ്.വായിച്ചു കൊണ്ടിരിക്കുന്നു. ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ