2011, ഡിസംബർ 30, വെള്ളിയാഴ്‌ച

ചത്തമീനിന്റേതുപോലുള്ള
ഒരു നിര്‍വ്വികാരത


ഏതോ ഒരു യാത്രയിലാണ്‌
ചുവന്നു തുടുത്ത കവിളുകളുള്ള
അയാളെ പരിചയപ്പെട്ടതെന്നോര്‍ക്കുന്നു!
തികച്ചും യാദ്യശ്ചികമായി
ഇതാ,ഈ ട്രെയിന്‍ യാത്രയില്‍
അയാള്‍ മുഖാമുഖം ഇരിക്കുന്നു.
മുഖവുരയൊന്നുമില്ലാതെ,
ഇന്നലെ കണ്ടു പിരിഞ്ഞതേയുള്ളു എന്ന മട്ടില്‍
അയാള്‍ പറഞ്ഞുതുടങ്ങിയത്‌
മലകയറ്റത്തെക്കുറിച്ചാണ്‌.
മലകയറ്റം അയാള്‍ക്കൊരു ഹോബിയാണെന്ന്‌
അന്നയാള്‍ പറഞ്ഞത്‌ തികട്ടിവന്നു.
കുത്തനെയുള്ള മലയിലേയ്ക്ക്‌
അള്ളിപ്പിടിച്ചു കയറുന്നവന്റെ സാഹസികത

സംസാരത്തിനിടയിലെ
അയാളുടെ ചേഷ്ടകളില്‍ മുഴയ്ക്കുന്നു.
ഇയാള്‍ നല്ലൊരു കാഥികന്‍ കൂടിയാണെന്ന്
ഉള്ളില്‍ ഞാന്‍ ചിരിച്ചു.
അപ്പോഴും
ചത്തമീനിന്റേതുപോലുള്ള

 ഒരു നിര്‍വ്വികാര്‍തയായിരിക്കണം
എന്റെ മുഖത്ത്‌ നിഴലിച്ചത്‌!
(ഞാനെന്നും
അവളുടെ മിഴികളില്‍ കാണുന്നതല്ലേ,
എന്റെ ഈ മുഖം!)
അതു കണ്ടിട്ടായിരിക്കാം
അയാള്‍ പെട്ടെന്ന് നിശബ്ദനായത്‌.
അകന്നുപോകുന്ന കാഴ്ചകളിലേയ്ക്ക്‌
അയാള്‍ പിറുപിറുക്കുന്നത്‌ കേള്‍ക്കാമായിരുന്നു,
ചിലര്‍ ഇങ്ങനെയാണ്‌
ഒന്നിലും താല്‍പ്പര്യമുണ്ടായിരിക്കില്ല!
കാഴ്ചകളെമൂടി ഞാന്‍ തേങ്ങി.
ശരിയാണ്‌ സുഹൃത്തേ,
ജീവിതമാകുന്ന മലകയറ്റത്തില്‍
ഉള്ളം നുറുങ്ങി നില്‍ക്കുന്നവന്‌
ഒന്നിലും താല്‍പ്പര്യമുണ്ടായിരിക്കില്ല.
വലിഞ്ഞുകയറുന്ന വടം
എപ്പോള്‍ പൊട്ടുമെന്ന ഭീതിമാത്രമെ,
അവന്റെ കണ്ണിലുണ്ടായിരിക്കൂ.

അതെ,ചത്തമീനിന്റേതുപോലുള്ള
ഒരു നിര്‍വ്വികാരത!


Posted by എരമല്ലൂര്‍ സനില്‍കുമാര്‍

2011, ഡിസംബർ 21, ബുധനാഴ്‌ച

മഴ കുന്നിറങ്ങിവരുമ്പോള്‍

കിഴക്കൊരാരവം
മഴ കുന്നിറങ്ങിവരികയാണ്‌!
ക്രിക്കറ്റിന്‌ ഒരു മഴബ്രേക്ക്‌!
വീട്ടിലേയ്ക്കോടി.
ഇ ന്നും അമ്മയുടെ വഴക്ക്‌
കിട്ടിയതു തന്നെ.
സന്ധ്യയ്ക്കുമുന്നേ
വീട്ടില്‍ കേറണമെന്ന്
അമ്മയെന്നും പറയാറുള്ളതാണ്‌!
മഴയ്ക്കെന്നെ
എ ത്തിപ്പിടിക്കാനാവുമോ?
ഓട്ടത്തിനിത്തിരി
വേഗം കേറ്റി . എ ന്നിട്ടും,
മഴയും ഞാനും
ഒരുമിച്ചാണ്‌ വീട്ടിലേയ്ക്കുകയറിയത്‌!
പുരപ്പുറത്തെ മഴ
ഒരു തുള്ളിപോലും പഴകില്ല.
ഒക്കെ ചോര്‍ന്നൊലിക്കയാ.......
ആരോടെന്നില്ലാതെ
അമ്മയുടെ പതിവു സങ്കടം പറച്ചില്‍!
ഒന്നും ചെയ്യാനില്ലാതെ
പുരപെയ്യുന്ന മഴയില്‍,ഞാന്‍
പുറത്തെ മഴയിലേയ്ക്കു നോക്കിനിന്നു.
മഴയില്‍,
മഴയുടെ തോഴനായി
തോന്ന്യാസപ്പട്ടുകാരനായി
ഇനിയെപ്പോഴാണവോ
അച്ഛന്റെ വരവ്‌!


Posted by എരമല്ലൂര്‍ സനില്‍കുമാര്‍2011, സെപ്റ്റംബർ 14, ബുധനാഴ്‌ച

My Books

നിശ്ചലദൃശ്യങ്ങള്‍ക്കിടയില്‍ സംഭവിക്കുന്നത്‌


മഴ ചാറിക്കൊണ്ടിരുന്നു

ഒരു നൂല്‍മഴ!

വയല്‍ വരമ്പില്‍ കയറിയിരുന്ന്
ഒരു പച്ചത്തവള


മഴയില്‍ കുറുകുന്നു.

താഴെ,വെള്ളത്തില്‍
തലനീട്ടി

ഒരു നീര്‍ക്കോലി

തവളയില്‍ മാത്രം
ബദ്ധശ്രദ്ധ
നാകുന്നു.

പെട്ടന്ന്,
ഒരു പെണ്‍കുട്ടി
വയല്‍ വരമ്പിലൂടെ

പുള്ളിപ്പൂക്കുട നിവര്‍ത്താതെ
മഴ നനഞ്ഞ്‌
തിരിഞ്ഞു നോക്കി നോക്കി
പ്രാണനെടുത്ത്‌ പിടിച്ചമാതിരി
അണച്ചുകൊണ്ടോടിയോടി
പ്പോയി!
പേടിച്ച്‌
തവള വയലിലേയ്ക്കൂളിയിട്ടു.
ഇരനഷ്ടപ്പെട്ട്‌ നീര്‍ക്കോലി
വെള്ളത്തിലേയ്ക്ക്‌

തലവലിച്ചു.
ദൂരെ,
വയല്‍ വരമ്പിലാരോ
തിരിഞ്ഞുനടക്കുന്നു.


Posted by എരമല്ലൂര്‍ സനില്‍കുമാര്‍മഴയില്‍

കാറ്റില്‍ മുടി വിതര്‍ത്ത്‌
മഴ ചിരിക്കുന്നു!
മഴയില്‍,
നനഞ്ഞും നനയാതെയും
ഞങ്ങളാദ്യമായി
ഒരു കുടക്കീഴില്‍ നടക്കുന്നു!
മഴയില്‍,

അവളുടെചുരുള്‍മുടിയിഴകളില്‍
നീലക്കണ്‍ പീലികളില്‍
+

കവിള്‍ത്തടങ്ങളിലൊക്കെയും
പ്രണയം
മഴത്തുള്ളികളായ്‌
ചിരിതൂകുന്നു!

ഈ മഴ
തോരാതിരുന്നെങ്കില്‍.......
ഈ വഴികള്‍
തീരാതിരുന്നെങ്കില്‍........

Posted by എരമല്ലൂര്‍ സനില്‍കുമാര്‍പ്രണയകാലം


ഏട്ടുകാലിപ്പെണ്ണിന്ന്
ഇത്‌ പ്രണയകാലം\
ആദ്യ രതിയുടെ തളര്‍ച്ചയില്‍
തളര്‍ന്നുറങ്ങും
കരുത്തന്റെ
മജ്ജയും മാംസവും
കാര്‍ന്നു തിന്നാന്‍
കരുതിയിരിക്കേണ്ട കാലം

എരമല്ലൂര്‍ സനില്‍കുമാര്‍