2012, ഫെബ്രുവരി 3, വെള്ളിയാഴ്‌ച

മരിച്ചവരുടെ വീട്‌


സ്വീകരണമുറിയിലെ
ഭിത്തിയില്‍,
മരിച്ചവരുടെ ചിത്രങ്ങളേയുള്ളൂ!
ആ ചിത്രങ്ങളിലേയ്ക്ക്‌
നോക്കുമ്പോഴൊക്കെ
എനിക്ക്‌ ചിരിവരുമായിരുന്നു.
ചിരിക്കാന്‍ മറന്ന
കാരണവന്മാര്‍!
ചിരിക്കാതെയും
നിസംഗതയോടെയും
വിഷാദ ഭാവത്തിലും ഒക്കെ
കറുപ്പിലും വെളുപ്പിലുമായി
വരയപ്പെട്ട്‌,
ഫ്രെയിം ചെയ്യപ്പെട്ടവര്‍!
പാവങ്ങള്‍,
എന്റെ പിതാമഹന്മാര്‍!
ചിത്രങ്ങളില്‍,
മുത്തശ്ശന്‍
മുത്തശ്ശി
അച്ഛന്‍
അമ്മ
മൂത്തമ്മാവന്‍
ചെറിയച്ഛന്‍
അറിയുന്നവരുടെ
പട്ടിക അവിടെ തീരുന്നു.
പിന്നെയുമുണ്ട്‌,
പേരും
സ്ഥാനമാനങ്ങളുമറിയത്ത പലര്‍,
പല പ്രായക്കാര്‍
കറുപ്പിലും വെളുപ്പിലുമായി!
മരിച്ചവരുടെ കൂട്ടത്തിലേയ്ക്ക്‌
ഒടുവിലത്തെ ചിത്രം
ഞാന്‍ വെക്കുകയാണ്‌
കളറില്‍
ഒരു കുടുംബഫോട്ടോ!
ഫോട്ടോയില്‍
ഞങ്ങളെല്ലാവരും ചിരിമറന്നവരാണ്‌,
ഞാന്‍
ഭാര്യ
മകള്‍
മകന്‍!
ചിരിക്കാന്‍ മറന്നവരുടെ
ഈ വീട്‌
ഇനി മരിച്ചവര്‍ക്ക്‌ സ്വന്തം!

Posted by : എരമല്ലൂര്‍ സനില്‍ കുമാര്‍