2020, മേയ് 11, തിങ്കളാഴ്‌ച

മരിച്ചു കിടക്കുമ്പോൾ
...........................
എരമല്ലൂർ സനിൽകുമാർ
.................
മരിച്ചു കിടക്കുമ്പോൾ ജീവിച്ചിരുന്നപ്പോഴെന്ന  പോലെ
കണ്ണുകൾ 
തുറന്നിരിക്കരുത്.
നേഴ്സ് അവന്റെ ചെറിയകണ്ണുകൾ
മദുവായി
തിരുമ്മിയടച്ചു.

മരിച്ചു കിടക്കുന്നവർ
 കൊതി തീരെ
ഈ ലോകം കണ്ടിട്ടുണ്ടായിരിക്കുമോ -
യെന്നാ നേഴ്സ്  
ഒരിക്കലെങ്കിലും
ആരും കാണാതെയെങ്കിലും
കണ്ണീർ തൂവിയിട്ടുണ്ടായിരിക്കില്ലേ...

അവൻ കണ്ട
 കാഴ്ചകളിനിയെങ്ങനെ
അവന്റെ കണ്ണുകൾ
 മെനഞ്ഞെടുക്കും.
എല്ലാം ഒരു സ്വപ്നമായിരുന്നുവെന്ന്
അവന്റെ 
ആ ചെറിയ കണ്ണുകൾ
കണ്ണീരില്ലാതെ
 തേങ്ങുന്നുണ്ടായിരിക്കുമോ?

ആദ്യ പ്രണയത്തിലെ
പ്രണയിനിയെ
ഇനി
അവനെങ്ങനെ ഓർത്തെടുക്കും!
അവന്റ  ഹൃദയമൊരു 
നെരിപ്പോടിലെന്ന പോലെ
പിടയ്ക്കുന്നുണ്ടാവുമോ ?

കുഞ്ഞുനാളിൽ
അച്ഛന്റെ , അമ്മയുടെ
കൈ പിടിച്ചു നടന്ന വഴികളെന്നല്ല
ഒരു വഴിയും
ഇനിയവന്  സ്വന്തമല്ല.
അറിഞ്ഞ രതിലീലകളാക്കെ 
നിഴൽ നാടകങ്ങൾ!
സഹോദരങ്ങളോടൊപ്പം
സുഹൃത്തുക്കളോടൊപ്പമൊക്കെ
ആടിയ വേഷങ്ങൾ
വെറും കനവ് !

മരിച്ചവരുടെ കണ്ണുകൾ
അവരെ നോവിക്കാതെ
മൃദുവായി
 തിരുമ്മിയടക്കാൻ
മറക്കരുത്!

മരിച്ചവരുടെ കണ്ണുകൾ
തുറന്നിരുന്നാൽ
ആ കണ്ണുകൾ
നമ്മുടെ 
ഉള്ളിന്റെയുള്ളിലേക്കാഴ്ന്നിറങ്ങിയാലോ ..
അരുതാത്ത കാഴ്ചകൾ
ചിന്തകൾ
തൊട്ടറിഞ്ഞാലോ...

പിന്നെ,

മരിച്ചവർ അതിഥികളല്ല
ആതിഥേയരാണ്!
           *
16/04/2020
Mob No.9037801025
sanilpkumaran@gmail.com